(moviemax.in) ടൈറ്റാനിക് കപ്പൽ മുങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അതിലെ ഒരു യാത്രക്കാരൻ എഴുതിയ കത്ത് യുകെയിൽ നടന്ന ലേലത്തിൽ വിറ്റു. റെക്കോർഡ് വിലക്കാണ് കത്ത് ലേലത്തിൽ പോയത്. 300,000 പൗണ്ടിന് (3,41,47,086. രൂപ) ആണ് കത്ത് വിറ്റത്. കേണൽ ആർച്ചിബാൾഡ് ഗ്രേസിയുടെ കത്താണ് ഞായറാഴ്ച വിൽറ്റ്ഷെയറിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിൽ നടന്ന ലേലത്തിൽ പോയത്. വാങ്ങിയ ആളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് 60,000 പൗണ്ടാണ്. അതിന്റെ അഞ്ചിരട്ടി വിലയ്ക്കാണ് ഇപ്പോൾ കത്ത് വിറ്റുപോയിരിക്കുന്നത്.
യാത്ര നല്ലതാണ് എന്നും കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ യാത്രയുടെ അവസാനം വരെ എനിക്ക് കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കത്തിലെഴുതിയിരുന്നു. പ്രവചാനാത്മകം എന്ന് അതിനാൽ തന്നെ ഈ കത്തിനെ വിശേഷിപ്പിക്കാറുണ്ട്. സതാംപ്ടണിൽ വെച്ച് ടൈറ്റാനിക്കിൽ കയറിയ ദിവസം മുമ്പാണ് അദ്ദേഹം കത്തെഴുതിയത്. അതായത്, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു മഞ്ഞുമലയിൽ ഇടിച്ച് ടൈറ്റാനിക് മുങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ്. കത്തിന്റെ തീയതി സൂചിപ്പിക്കുന്നതും അതാണ്. 1912 ഏപ്രിൽ 10 -നാണ് കത്ത് എഴുതിയിരിക്കുന്നത് എന്നാണ് അതിൽ കാണുന്നത്.
ന്യൂയോർക്കിലേക്ക് പോകുന്ന ടൈറ്റാനിക്കിൽ യാത്രക്കാരും ജീവനക്കാരുമായി ഏകദേശം 2,200 പേരാണ് ഉണ്ടായിരുന്നത്. അതിൽ ഒരാളായിരുന്നു കേണൽ ഗ്രേസി. 1,500 -ലധികം പേരാണ് ദുരന്തത്തിൽ അന്ന് മരിച്ചത്.ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ കേണൽ ഗ്രേസി ക്യാബിൻ C51 ൽ നിന്നാണ് കത്ത് എഴുതിയത്. 1912 ഏപ്രിൽ 11 -ന് കപ്പൽ അയർലണ്ടിലെ ക്വീൻസ്‌ടൗണിൽ നങ്കൂരമിട്ടപ്പോഴാണ് അത് അത് പോസ്റ്റ് ചെയ്തത്. കേണൽ ഗ്രേസി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന് അനുഭവപ്പെട്ട ഹൈപ്പോഥെർമിയയും പരിക്കുകളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായിത്തന്നെ ബാധിച്ചിരുന്നു. അങ്ങനെ, 1912 ഡിസംബർ 2 -ന് അദ്ദേഹം കോമയിലായി. രണ്ട് ദിവസത്തിന് ശേഷം പ്രമേഹത്തെ തുടർന്നുണ്ടായ സങ്കീർണതകൾ കാരണം അദ്ദേഹം മരിക്കുകയായിരുന്നു.
titanic-survivor colonel archibald gracies letter sold 3 crores